ബാബേൽ ഗോപുരം

ബാബേല്‍ ഗോപുരം

1 ഭൂമിയിലൊക്കെയും ഒരു ഭാഷയും അതേ വാക്കുകളുമാണ് ഉണ്ടായിരുന്നത്.2 എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്ത്, ശിനാർ ദേശത്ത് ഒരു സമതലഭൂമി കണ്ടെത്തി, അവിടെ പാർത്തു.3 അവർ തമ്മിൽ: “വരുവിൻ, നമുക്ക് ഇഷ്ടിക ഉണ്ടാക്കി നന്നായി ചുട്ടെടുക്കാം” എന്നു പറഞ്ഞു. അങ്ങനെ അവർ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം പശമണ്ണും ഉപയോഗിച്ചു.4 “വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിക്കുവാൻ നമുക്കായി ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയുക; നമുക്കുവേണ്ടി ഒരു പേരുമുണ്ടാക്കുക” എന്ന് അവർ പറഞ്ഞു.5 മനുഷ്യന്റെ പുത്രന്മാർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന് യഹോവ ഇറങ്ങിവന്നു.6 അപ്പോൾ യഹോവ: “ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; അവർ ചെയ്യുവാൻ പോകുന്നതിന്റെ തുടക്കം മാത്രമാണ് ഇത്; അവർ ചെയ്യുവാൻ ഉദ്ദേശിക്കുന്നതൊന്നും അവർക്ക് അസാദ്ധ്യമാവുകയില്ല.7 വരുവിൻ; നമുക്ക് ഇറങ്ങിച്ചെന്ന്, അവർ തമ്മിൽ സംസാരിക്കുന്നത് പരസ്പരം ഗ്രഹിക്കാനാവാത്തവിധം അവരുടെ ഭാഷ കലക്കിക്കളയുക” എന്നു അരുളിച്ചെയ്തു.8 അങ്ങനെ യഹോവ അവരെ അവിടെനിന്ന് ഭൂതലത്തിലെങ്ങും ചിതറിച്ചു; അവർ പട്ടണം പണിയുന്നത് വിട്ടുകളഞ്ഞു.9 സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവച്ചു കലക്കിക്കളഞ്ഞതുകൊണ്ട് അതിന് ബാബേൽ എന്നു പേരുവിളിച്ചു; യഹോവ അവരെ അവിടെനിന്ന് ഭൂതലത്തിൽ എങ്ങും ചിതറിച്ചുകളഞ്ഞു.

ഉല്‌പത്തി 11